തൃശൂർ: സഹകരണമേഖലയിൽ തൃശൂരിലടക്കം മൂന്നിടങ്ങളിൽകൂടി നഴ്സിംഗ് കോളജുകൾ ആരംഭിക്കുമെന്നു മന്ത്രി വി.എൻ. വാസവൻ. 72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം കോവിലകത്തുംപാടം ജവഹർലാൽ കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വടക്കാഞ്ചേരി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണു കോളജുകൾ ആരംഭിക്കുക. ഗവേഷണങ്ങൾ നടത്താൻ സഹകരണ മേഖലയിൽ സർവകലാശാല വേണമെന്ന് വിഷൻ 2031 സെമിനാറിന്റെ ഭാഗമായി ഉയർന്നിരുന്നു. അതു യാഥാർഥ്യമാക്കും. നെല്ലു സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹകരണമേഖലയിൽ രണ്ടു മില്ലുകൾ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ഒരുമിപ്പിക്കുന്ന പദ്ധതികളുടെ പ്രാഥമിക ചർച്ച നടക്കുകയാണ്.
പുതുതലമുറ നാടുവിട്ടുപോകുന്നതു തടയാൻ കഴിയുന്ന രീതിയിൽ ഇടപെടാനാകണം. വലിയ സംരംഭങ്ങൾ തുടങ്ങാനാകണം. ഇവന്റ് മാനേജ്മെന്റ് മുതൽ ഐടിവരെ ഇതിലൂടെ സാധ്യമാക്കുന്നുണ്ട്. പ്രാഥമിക സഹകരണസംഘങ്ങൾക്കും ഇത്തരം ഇടപെടലുകൾക്കു കഴിയണമെന്നും പുതിയ സാധ്യതകൾകൂടി ഉപയോഗപ്പെടുത്തി പ്രവർത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മേയർ ഡോ. നിജി ജസ്റ്റിൻ, എംഎൽഎമാരായ പി. ബാലചന്ദ്രൻ, യു.ആർ. പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവർ പങ്കെടുത്തു.